പന്തളം: നഗരസഭയിലെ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ ഏഴു പേരിൽനിന്നായി 80,600 രൂപ പിഴ ഈടാക്കി.
മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടുക, മാലിന്യം വലിച്ചെറിയുക, നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുക, നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പിഴ ചുമത്തിയത്.
പ്രവാസി തൊഴിലാളികളുടെ വാസസ്ഥലങ്ങളിലെ ശുചിത്വമില്ലായ്മ സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്ന സാഹചര്യത്തിൽ കർശന പരിശോധനയും തുടർനടപടികളും ഉണ്ടാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ എം ആർ കൃഷ്ണകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത വേണു, സെക്രട്ടറി ഇ ബി അനിത എന്നിവർ അറിയിച്ചു.
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.എസ്. കൃഷ്ണകുമാർ, സുജിത, അമൽ നായർ, ടി. എസ്. ശബരി, എ.എസ്. ജ്യോതിലക്ഷ്മി എന്നിവർ സ്ക്വാഡിന് നേതൃത്വം നൽകി.